പതിനഞ്ചോളം ആത്മഹത്യക്ക്‌ വേദിയൊരുക്കിയ ഒരു വലിയ ആൽ മരമുണ്ട് ആ അമ്പല പറമ്പിൽ.
സഹികെട്ട് ആരൊക്കെയോ ചേർന്ന് അവളുടെ കടയ്ക്കൽ മഴു വെച്ചു…

കിഴക്കേ നടയിലെ കണ്ണന്റെ മുന്നിലേക്ക് നിസ്സഹായായി വീണപ്പോൾ അവളുടെ
മനസ്സിൽ ഒരു ചിന്ത മാത്രം മണ്ണിൽ പോയാലും എരിഞ്ഞു തീർന്നാലും ഇനിയൊരു മരണം കൂടി കാണേണ്ടി വരില്ലല്ലോ.

മരിച്ചവർക്കെല്ലാം ഓരോ കഥയാണ്…
പക്ഷെ ഒന്നുണ്ട് എന്റെ ചില്ലയിൽ കയറിയിരുന്ന് കഴുത്തിൽ കയർ കുരുക്കിയ ശേഷം … കുറച്ചു നേരം നിശബ്ദമായി എന്തൊക്കെയോ ആലോചിക്കും .. അവസാനം എല്ലാവരും ഉറക്കെ പറഞ്ഞത് ഒന്ന് മാത്രം… “ന്റെ അമ്മേ എന്നോട് ക്ഷമിക്കണം ട്ടോ” ന്ന് ”

അന്നേരം ഞാൻ ആ അമ്മയേ ഓർക്കും “എനിക്ക് ചുറ്റും വലം വെച്ചു തൊഴുതു പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട്. ഒരിക്കൽ ആ അമ്മ അവരുടെ നെറ്റി എന്നിൽ ചേർത്ത് വെച്ച് പറയ ഉണ്ടായി…ന്റെ മോന്റെ ആത്മാവിനും ശാന്തി കൊടുക്കണേ ന്ന്. വൃശ്ചിക കുളിരിൻറെ കുളിരൊന്നും ഒന്നുമല്ല കേട്ടോ… ആ അമ്മയുടെ നെറ്റിയുടെ കുളിരിൻറെ ആയിരം അയലത്ത് വരില്ല വൃശ്ചിക കുളിര്.

അവർ എന്നും എന്റെ കുടുബത്തിനും എന്റെ ചുറ്റുമുള്ളവർക്കും നല്ലത് വരുത്തണേ എന്ന് ഉരുകി പ്രാർത്ഥിക്കുന്നത് കാണാം…
എന്റെ ചോട്ടിൽ നിന്ന് എന്നും ഒരില എടുത്തുകൊണ്ടു പോകാറുണ്ട് ആ അമ്മ അതെന്തിനാ എന്നറിയില്ല…. പോകെ പോകെ ഉള്ളതിൽ ഏറ്റവും പുതിയ ഇല ഞാനും കൊടുക്കാൻ തുടങ്ങി.

ഇനി… വീണ്ടും എന്നിലേക്ക്……

എന്റെ കടയ്ക്കൽ മഴു വെച്ചവർ എന്റെ മനസ്സ് കണ്ടില്ല ന്ന് തോന്നുന്നു….
ഒരായിരം കിളികൾക്ക് കൂടൊരുക്കിയും ആർക്കൊക്കെയോ വേണ്ടി തണലൊരുക്കിയും ശുദ്ധ വായു സൃഷ്ടിച്ചും ഒരു ജീവിതം ഉണ്ടെനിക്ക്.

ആത്മഹത്യ ചെയ്തവർ കഴുത്തിൽ കുരുക്ക് ഇടും മുന്നേ എന്റെ കൈ ഞരമ്പിൽ ഒരു കുരുക്കിട്ട് ബലം പരിശോധിക്കും… അതിന്റെ വേദന ഞാൻ ആരോട് പറയും. കഴുത്തിൽ കുരുക്കിട്ട് എന്റെ കൈ മേലെ കേറി ഇരിക്കും പക്ഷികൾ മാത്രം ഇരുന്ന് ശീലിച്ച എന്റെ കൈകൾക്ക്‌ ആ ഭാരം വളരെ വലുതാണ്.
എന്തൊക്കെയോ പുലമ്പി എന്റെ ശിഖരങ്ങളിൽ ആഞ്ഞിടിക്കാറുണ്ട്. ചിലർ കത്തി കൊണ്ട് കുത്തിയിട്ടുണ്ട്.

എനിക്ക് എല്ലാം ഉണ്ടെങ്കിലും വായില്ലല്ലോ അരുതെന്ന് പറയാൻ.ഒരുപാട് കൈകൾ ഉണ്ടെങ്കിലും പിടിച്ചു മാറ്റാനുള്ള കഴിവും ഇല്ല.
ആ ശരീരം ഞാൻ ഉയരത്തിൽ നിന്ന് എടുത്തു ചാടുന്ന ആ നിമിഷമുണ്ടല്ലോ…. അതിന് ഞാൻ മാത്രമാണ് സാക്ഷി… ഒരു നിമിഷത്തേക് വാടിപ്പോയ എന്റെ ഇലകളും.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാൽ എന്റെ ഇലകളെ തഴുകി എന്തോ ഒന്ന് മുകളിലേക്ക് പോകും. അപ്പൊ എന്നിലെ ഏതെങ്കിലും ഒരു കിളിക്കൂടിൽ ഒരു ഉണ്ണി പിറന്നിട്ടുണ്ടാകും.. സത്യം
വിഷമം ഇതൊന്നുമല്ല… എന്നും പുതിയ പുതിയ ഇലകൾ കൊടുത്ത ആ അമ്മ ഇനി എന്നേ ഓർക്കുവോ..? എന്നാലും എന്തിനാവും ആ ഇലകൾ ആ അമ്മയ്ക്ക്..?
കഥകൾ ഒരുപാടുണ്ട് പറയാൻ പക്ഷെ വയ്യ ദേ… ഞാൻ വീണ്ടും വെട്ടുകൾ കൊണ്ടുകൊണ്ടിരിക്കുന്നു.
എന്നേ പല ചീളുകളാക്കി ആരൊക്കെയോ കൊണ്ട് പോണുണ്ട്. ©ദേവൻ

Advertisements

എന്താണ് വാക്കുകളോട് നിനക്ക് ഇത്ര പ്രണയം….?

പെണ്ണേ …. സത്യത്തിൽ ഈ പ്രണയം ഒരുതരം രക്ഷപെടലാണ് യഥാർത്ഥ്യങ്ങളുടെ നെരിപ്പോടിൽ നിന്നും സങ്കല്പങ്ങളുടെ ആഴക്കടലിലേക്ക് അറിഞ്ഞുകൊണ്ടൊരു മുങ്ങിതാഴൽ…

ജീവിതത്തിൽ എന്നേ വേദനപ്പിച്ച വാക്കുകളിൽ എല്ലാം എനിക്കറിയാവുന്ന അക്ഷരങ്ങൾ തന്നെ ആയിരുന്നു എന്ന് അറിഞ്ഞ നിമിഷത്തിലാണ് ഞാൻ വാക്കുകളെ പ്രണയിച്ചു തുടങ്ങിയത്.

എൻറെ വാക്കുകളെ ആർക്കൊക്കെയോ വായിക്കാൻ കൊടുത്ത് മറ്റാരോക്കെയോ എഴുതിയ വാക്കുകളിലൂടെ ഒരു കുഞ്ഞു യാത്ര.

ഒരായിരം ചെറുകഥകൾ കൊണ്ട് നിർമ്മിച്ച ഈ ലോകത്ത്.. ആരോ പറഞ്ഞ രണ്ട് നുണക്കഥകളാണ് നീയും ഞാനും . നമ്മൾ നമുക്ക് ഓർക്കാൻ വേണ്ടിയല്ല മറ്റാർക്കോ ഓർക്കാൻ വേണ്ടി ജനിച്ച രണ്ടു കഥകൾ..

” രണ്ട് നുണക്കഥകൾ ”

എന്നേ വായിക്കാൻ ശ്രമിക്കുന്ന നീയും ഒരു എഴുത്തുകാരി തന്നെ… ഇനിയും എഴുതി തുടങ്ങാത്ത എൻറെ മാത്രം എഴുത്തുകാരി.